News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Download Font
Salvation
ഇംഗ്ലീഷ് ന്യൂസ്
തമിള്‍ ന്യൂസ്
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
 മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
ആരോഗ്യം
അനുഭവസാഷ്യും
ആശ്ചയ്യം
ലേഖനങ്ങള്‍
കഥകള്‍
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയം
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
 ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
Make Disciplesgoodnews your default home page.
Tell a Friend...!
 
 
അഭിമുഖം പാസ്റ്റര്‍ കെ.ഏ. ഏബ്രഹാം
ലോകപ്രശസ്ത സുവിശേഷപ്രാസംഗികന്‍, ഗാനരചയിതാവ്, എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ തിളങ്ങുന്ന പാസ്റ്റര്‍ കെ.ഏ. ഏബ്രഹാം ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് മാനേജിംഗ് എഡിറ്റര്‍ സോണി കെ. ജോസഫിന് അനുവദിച്ച പ്രത്യേക അഭിമുഖം

അനുഗൃഹീതനായ സുവിശേഷപ്രസംഗകന്‍, ഗാനരചയിതാവ്, എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ സജീവ സാന്നിധ്യമാണ് പാസ്റ്റര്‍ കെ.എ. ഏബ്രഹാം. 1989-ല്‍ രൂപീകരിച്ച സാധ്യത് ഗോസ്പല്‍ മിനിസ്ട്രിയുടെ ചുമതല വഹിച്ച് ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്നു. തിരുവല്ല ശാരോന്‍ ബൈബിള്‍ കോളേജിലും, കണ്ണംമൂല സെമിനാരിയിലും വേദപഠനം നടത്തി. 250-ല്‍ പരം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി ഈണം നല്‍കിയ കര്‍ത്താവില്‍ സ്നേഹത്തില്‍ എന്ന ഗാനം ഏറെ പ്രശസ്തമാണ്. ഭൂമിയില്‍ ദൈവത്തിന് വീടുണ്ടോ എന്ന പേരില്‍ പ്രസംഗ സമാഹാരവും അനുഭവങ്ങള്‍ രചനകള്‍ എന്ന പേരില്‍ ആനുകാലിക പ്രസക്തിയുള്ള ലേഖനങ്ങളും അനുഭവക്കുറിപ്പുകളും പുസ്തകമാക്കി പുറത്തിറക്കി. പവര്‍ വിഷന്‍ ചാനലില്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഹെവന്‍ലി മന്ന എന്നൊരു പ്രോഗ്രാം ചെയ്യുന്നുണ്ട്. ഇപ്പോള്‍ 200 എപ്പിസോഡുകള്‍ കഴിഞ്ഞു. ചോദ്യം : ശാരോണ്‍ ബൈബിള്‍ കോളേജിന്റെ പടികള്‍ ഇറങ്ങിയപ്പോള്‍ ഇത്രയുമൊക്കെ ആയിത്തീരുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഉത്തരം : ഒരിക്കലുമില്ല. കണ്‍ വന്‍ഷന്‍ പ്രസംഗകന്‍, ബൈബിള്‍ കോളേജ് അദ്ധ്യാപകന്‍, ദൈവശാസ്ത്രത്തില്‍ ബിരുദങ്ങള്‍, ഇങ്ങനെയൊക്കെയുണ്ടെന്ന് എനിക്കറിയില്ലാ‍യിരുന്നു. ദൈവം നടത്തി... ഞാന്‍ അറിയാത്ത വഴികളിലൂടെ
ചോദ്യം : ദൈവവേലയിലേക്ക് കടന്നുവരുവാന്‍ ഇടയായതെങ്ങനെ?
ഉത്തരം : 1986 ഏപ്രില്‍ മാസമാണ് ഞാന്‍ കര്‍ത്താവിനെ കണ്ടുമുട്ടിയത്. അതു ദൈവത്തിന്റെ പദ്ധതിയായിരുന്നു. ചെറുതും വലുതുമായ പല സംഭവങ്ങളിലൂടെയാണ് കര്‍ത്താവ് ദൈവവേലയിലേക്ക് കൊണ്ടുവന്നത്. ഒരു പ്രധാനപ്പെട്ട സംഭവം ഞാന്‍ പറയാം. ഒരിക്കല്‍ പന്തു കളിക്കാന്‍ പോയപ്പോള്‍ ഞങ്ങള്‍ മൂന്നുനാലു പേര് കൂടി ഒരാളെ ഉപദ്രവിച്ചു. അയാള്‍ ഹോസ്പിറ്റലിലായി. മരിച്ചുപോകും എന്ന അവസ്ഥയായി. പോലീസില്‍ കേസ്സായി. അയാള്‍ മരിച്ചാല്‍ ഞാന്‍ ജയില്‍ ശിക്ഷ അനുഭവിക്കും. അപ്പോള്‍ എന്റെ അമ്മ എന്നോടു പറഞ്ഞു : “നീ പ്രാര്‍ത്ഥിക്കുക, ജീവനുള്ള ദൈവമുണ്ടെന്ന് വിശ്വസിക്കുക’’ അപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഈ വിഷയത്തില്‍നിന്ന് നിരുപാധികം ദൈവം എന്നെ രക്ഷിച്ചാല്‍ പഴയ ദുര്‍മാര്‍ഗ്ഗത്തിലേക്ക് ഞാന്‍ തിരിച്ചുപോകില്ല. അയാള്‍ മരിച്ചില്ല. കേസ് പിന്‍വലിക്കപ്പെട്ടു. ദൈവവുമായുള്ള ഉടമ്പടിപ്രകാരം ഞാന്‍ തീരുമാനമെടുത്തു. ഇത് എന്നെ ദൈവപൈതലാക്കിയ സംഭവങ്ങളില്‍ ഒന്നുമാത്രം.
ചോദ്യം : പാസ്റ്ററുടെ ബാല്യകാലം ഒന്നു വിവരിക്കാമോ?
ഉത്തരം : ഹൈറേഞ്ചില്‍ വണ്ടിപ്പെരിയാറിനടുത്ത് കരടിക്കുഴി എന്ന സ്ഥലത്ത് ഒരു ബിസിനസ്സുകാരന്റെ മകനായി ജനിച്ചു. കൃഷിയും ഉണ്ടായിരുന്നു. 6 മക്കള്‍ അടങ്ങിയ കുടുംബം. എന്റെ പിതാവിന്റെ ദുര്‍സ്വഭാവം നിമിത്തം എല്ലാം നശിച്ചു. പീരുമേട് സി.പി.എം. ഹൈസ്കൂളില്‍നിന്ന് ഞാന്‍ എസ്.എസ്.എല്‍.സി പാസ്സാകുമ്പോള്‍ എന്റെ പിതാവ് 13 കേസ്സുകളില്‍ പ്രതിയായിരുന്നു. പുല്ലു മേഞ്ഞ ഒരു പുരയും ചാണകം മെഴുകിയ തറയും വളര്‍ന്നുനില്‍ക്കുന്ന നാലു സഹോദരിമാരും കൂലിപ്പണിക്കാരിയായ അമ്മയും വല്ലപ്പോഴും വീട്ടില്‍ വരുന്ന പിതാവും പഠിച്ചുകൊണ്ടിരിക്കുന്ന കൊച്ചനുജനും. ഇതായിരുന്നു എന്റെ സ്വത്ത്. 1984-ല്‍ മാതാവ് രക്ഷിക്കപ്പെട്ടു. തുടര്‍ന്ന് സഹോദരിമാര്‍. 1986-ല്‍ ഞാന്‍. 1990-ല്‍ എന്റെ പിതാവ്. അങ്ങനെ 1991-ല്‍ ഹൈറേഞ്ചില്‍നിന്ന് എല്ലാം വിറ്റ് ഞങ്ങള്‍ ഒരു പെന്തക്കോസ്തു കുടുംബമായി തിരുവല്ലായില്‍ വന്നുപാര്‍ത്തു. പിതാവ് 1996 സെപ്റ്റംബര്‍ 19-ന് കര്‍ത്താവിന്റെ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.
ചോദ്യം : സാധ്യത് ഗോസ്പല്‍ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
ഉത്തരം : 1988-ല്‍ ബ്രദര്‍ സോമന്‍, ഗോപാലകൃഷണന്‍ തുടങ്ങിയ സഹോദരങ്ങള്‍ ഒരുമിച്ചാണ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അവര്‍ ശുഭയാത്ര മിനിസ്ട്രീസ് എന്ന പേരില്‍ പുതിയൊരു ടീമിന് രൂപം കൊടുത്ത് പ്രവര്‍ത്തിക്കുന്നു. ഞാനും പാസ്റ്റര്‍ കെ.എ. തോമസും സാധ്യത് ഗോസ്പല്‍ മിനിസ്ട്രി മുമ്പോട്ടു കൊണ്ടുപോകുന്നു. വിദേശവരുമാനങ്ങള്‍ ഒന്നുംതന്നെയില്ല. കര്‍ത്താവു തന്ന പണം കൊണ്ട് മൈക്ക് സെറ്റ് വാങ്ങി, വണ്ടി വാങ്ങി. ജനറേറ്റര്‍, ലൈറ്റ് എല്ലാമുണ്ടാക്കി. സഭകള്‍ വിളിക്കുമ്പോള്‍ ഞങ്ങള്‍ ചെന്ന് ആ യോഗം മുഴുവന്‍ ഉത്തരവാദിത്വത്തോടെ നടത്തുന്നു. യോഗം കഴിയുമ്പോള്‍ സഭ തരുന്ന സ്തോത്രകാഴ്ച ഞങ്ങളുടെ ടീം അംഗങ്ങള്‍ ഉപയോഗിക്കുന്നു. പരസ്യയോഗങ്ങള്‍, കണ്‍വന്‍ഷനുകള്‍, യുവജന സെമിനാറുകള്‍, ചില്‍ഡ്രന്‍സ് പ്രോഗ്രാം, വീഡിയോ സിഡി, കാസറ്റ് മിനിസ്ട്രി, മ്യൂസിക് പ്രോഗ്രാം എന്നിവയൊക്കെ ഞങ്ങളുടെ നേതൃത്വത്തില്‍ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ 5 പ്രാവിശ്യം വാഹനത്തില്‍ സഞ്ചരിച്ച് 20 സ്റ്റേറ്റുകളില്‍ സുവിശേഷം അറിയിച്ചു. ഇതുവരെ ഏകദേശം 3,4,5 ദിവസങ്ങള്‍ വീതമുള്ള 2000-ത്തില്പരം മീറ്റിംഗുകള്‍ കേരളത്തില്‍ മാത്രം നടത്തിയിട്ടുണ്ട്. കൂടാതെ ആയിരക്കണക്കിനു പരസ്യയോഗങ്ങളും.
ചോദ്യം : സുവിശേഷവേലയില്‍ യൌവ്വനതീക്ഷ്ണത വിട്ടുമാറാത്ത പാസ്റ്റര്‍ കെ.ഏ. ഏബ്രഹാമിന്റെ തുടക്കം പോലെയാണല്ലോ ഇപ്പോഴും നിലനില്‍ക്കുന്നത്. ഇവിടെയാണ് കെ.എ.ഏബ്രഹാമിനെ വ്യത്യസ്തനാക്കുന്നത്. ആരെയെങ്കിലും മാതൃകയാക്കുന്നുണ്ടോ?
ഉത്തരം : യേശുക്രിസ്തു യൌവ്വനപ്രായത്തില്‍ ശുശ്രൂഷ ആരംഭിച്ചു. യൌവ്വനത്തില്‍തന്നെ ക്രൂശിതനായി. ഇതെന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ബൈബിളിലെ ജോസഫ്, ദാവിദ്, പൌലൊസ്, ഇവരൊക്കെ എന്റെ മാതൃകയാണ്. എല്ലാ പ്രായത്തിലും ഒരുപോലെ ശുശ്രൂഷിക്കാമെന്ന് വിശ്വസിക്കുന്നില്ല. ശബ്ദം, ആരോഗ്യം, സാഹചര്യം, കുടുംബം ഇതെല്ലാം ഒരു ബാധ്യത ആകുന്നതിനുമുമ്പ് ആവോളം ചെയ്യണം. അതുകൊണ്ട് ക്ഷീണങ്ങള്‍ മറന്ന് ഓടുന്നു.
ചോദ്യം : തെരുവില്‍നിന്നും ബസ്റ്റാന്‍ഡില്‍ നിന്നുമൊക്കെ ലജ്ജ കൂടാതെ കര്‍ത്താവിന്റെ സുവിശേഷം വിളിച്ചുപറഞ്ഞപ്പോള്‍ ആരെങ്കിലുമൊക്കെ ഇന്നത്തെപ്പോലെ സഹായത്തിനുണ്ടായിരുന്നോ?
ഉത്തരം : പത്തും പതിനഞ്ചും രൂപയൊക്കെ തന്നിട്ടുണ്ട്. ചോറു വാങ്ങിത്തന്നവരുണ്ട്. എറണാകുളം മുതല്‍ മൂവാറ്റുപുഴ വരെ കാല്‍നടയായി വണ്ടിക്കുലിയില്ലാതെ നടന്നിട്ടുണ്ട്. ഒരു നാരങ്ങാവെള്ളം പോലും കുടിക്കുവാന്‍ പൈസ ഇല്ലാതെവന്നപ്പോള്‍ കാലിലിട്ടിരുന്ന ഷൂ വിറ്റു. ഒരു ചപ്പല്‍ വാങ്ങി. ബാക്കി തുകയ്ക്ക് ചായ കുടിച്ചു. 1985-ല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ഞാന്‍ പ്ലേറ്റ് കഴുകിയിട്ടുണ്ട്. 2008- ജനുവരി 13-ന് അതേ തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഒരു ലക്ഷം പേരോട് സുവിശേഷം പ്രസംഗിച്ചു. ആ വേദിയിലും ഞാന്‍ എന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഒട്ടുമിക്ക വേദികളിലും എന്റെ പഴയ അനുഭവങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
ചോദ്യം : നല്ലൊരു ഗാനരചയിതാവ് കൂടിയാണല്ലോ. എത്ര ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്?
ഉത്തരം : 250-ല്‍ പരം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കര്‍ത്താവില്‍ സ്നേഹത്തില്‍, എന്റെ ദൈവത്താല്‍ എല്ലാം സാദ്ധ്യം, ഞാന്‍ ആരെ ഭയപ്പെടും, വന്നു കാണുവാന്‍ ആശയുണ്ട്, ഓരോ ദിവസവും നാഥന്‍ നടത്തുന്ന... ഇതൊക്കെ എന്റെ ഗാനങ്ങളില്‍ പ്രസിദ്ധങ്ങളായവയാണ്.
ചോദ്യം : കര്‍ത്താവിന്‍ സ്നേഹത്തില്‍ എന്ന ഗാനത്തിന്റെ പ്രചോദനം എന്താണ്?
ഉത്തരം : രണ്ടായിരത്തില്‍ കുവൈറ്റില്‍ വച്ചാണ് അത് എഴുതുന്നത്. ഒരു വിസിറ്റിംഗിനുവേണ്ടി ചെന്നപ്പോള്‍ മൂന്നു ദിവസം ഉപവാസം ഇരുന്നു. ഒരു പാസ്റ്റര്‍ എന്നെ ഫോണ്‍ വിളിച്ച് ഞങ്ങളുടെ സഭയില്‍ വരണമെങ്കില്‍ ചില നിയമങ്ങളുണ്ട് എന്നു പറഞ്ഞു. നിന്ദകളും നിയമങ്ങളും മനസ്സിനെ വേദനിപ്പിച്ചപ്പോള്‍ ആദ്യം എഴുതി “നിറുത്തിയതാണെന്നെ നിന്നതല്ല ഞാന്‍ എത്ര സ്തുതിച്ചീടേണം” അങ്ങനെയാണ് എഴുതിതുടങ്ങിയത്. ആ ഗാനം എന്റെ അനുഭവമാണ്.
ചോദ്യം : ഗാനരചയിതാവിനെക്കാളും നല്ലൊരു എഴുത്തുകാരനാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. അതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
ഉത്തരം : ഞാന്‍ എഴുതാറുണ്ട്. കേരളത്തിലെ ക്രൈസ്താനുഭവ ആനുകാല്യങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. സമയത്തിന്റെ ദൌര്‍ലഭ്യമുണ്ട്. കൂടുതല്‍ എഴുതണമെന്ന് ആഗ്രഹിക്കുന്നു. നിലനില്‍ക്കുന്ന അക്ഷരങ്ങള്‍ പ്രസംഗത്തേക്കാള്‍ വലുതാണ്. കൊല്ലുന്ന അക്ഷരങ്ങള്‍ എഴുത്തുകാരന്റെ ചവറാണ് അതു സമൂഹത്തിനു വേണ്ട. തൂലികയാണ് ലോകത്തിലെ ഏറ്റവും വലിയ ആയുധം. രണ്ടാം സ്ഥാനമേ നാക്കിനുള്ളൂ.
ചോദ്യം : ഏതു സ്റ്റേജിലും മുഖം നോക്കാതെ രാഷ്ട്രീയക്കാരോടും വ്യക്തികളോടുമൊക്കെ സത്യസുവിശേഷം വിളിച്ചറിയിക്കുന്നത് പാസ്റ്റര്‍ കെ.എ.ഏബ്രഹാമിന്റെ ഒരു എടുത്തുപറയത്തക്ക പ്രത്യേകതയാണല്ലോ?
ഉത്തരം : എന്റെ പശ്ചാത്തലമാണ് അതിനു കാരണം. എന്റെ പിതാവ് ഒരു നല്ല കമ്മ്യൂണിസ്റ്റുകാരനായിരുന്നു (ഇന്നത്തെപ്പോലെയല്ല). ആ സത്യസന്ധത ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. എനിക്കിന്ന് രാഷ്ട്രീയമില്ല. സഭയിലെയും സമൂഹത്തിലെയും അഴുക്ക് വെളിച്ചത്തുകൊണ്ടുവരുന്ന പ്രകാശമാണ് വചനം. അതാണ് യഥാര്‍ത്ഥ സുവിശേഷം. രക്ഷിക്കപ്പെട്ട് സഭയില്‍ വരുന്നവര്‍ അതിനുശേഷം പഥ്യോപദേശത്തില്‍ വളരണം. ദശാംശം കൂടുതല്‍ കൊടുക്കുന്നവരും ഉന്നതങ്ങളില്‍ പിടിപാടുള്ളവരും പറയുന്നതല്ല സഭയിലെ നിയമം. അതു വചനമാണ്.
ചോദ്യം : തീക്ഷ്ണത ചിലപ്പോള്‍ അതിരുവിടുന്നു എന്ന് ചിലര്‍ വിമര്‍ശനം അഴിച്ചുവിടുന്നു. ഉദാഹരണമായി ദേശീയ പതാകയെപ്പറ്റി?
ഉത്തരം : കാണുന്നതെല്ലാം കര്‍ത്താവിന്റെ സൃഷ്ടിയാണെന്ന് എല്ലാറ്റിലും ദൈവത്തിന്റെ കരസ്പര്‍ശമുണ്ടെന്നും വിശ്വസിക്കുന്നു. എന്റെ ദൈവം അറിയാ‍തെ ഈ ഭൂമിയില്‍ ഒന്നുമില്ല. ഭരണം, നിയമങ്ങള്‍, അധികാരികള്‍ അങ്ങനെയെല്ലാം. ഈ ചിന്തയാണ് ദേശീയപതാകയെക്കുറിച്ച് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്റെ സ്നേഹിതര്‍ ചിലര്‍ പറഞ്ഞപ്പോള്‍ എനിക്ക് ആ തെറ്റു മനസ്സിലായി. ഏതു തെറ്റ്? പതാകയെക്കുറിച്ച് പറയേണ്ട ആവശ്യമില്ല എന്ന തെറ്റ്. പിന്നെ പറഞ്ഞിട്ടുമില്ല. ഇപ്പോള്‍ ഇത് വലിയ വിവാദമാക്കിയതിനു കാരണം “പ(താ)കയല്ല “പക’’യാണ്. ഇരുപതു വര്‍ഷമായി ഞാന്‍ സുവിശേഷപ്രസംഗകനാണ്. ഒരു ദിവസം കൊണ്ടു പത്ത് പുസ്തകം വരെ വായിക്കാം. പക്ഷേ ഒരു വര്‍ഷത്തില്‍ ഒരു വയസ്സേ കൂടുകയുള്ളൂ. കേരളത്തില്‍ സുവിശേഷത്തിന് പ്രതികൂലം ഇല്ലാതിരുന്ന ഒരു കാലമുണ്ട്. സുവിശേഷപ്രസംഗകന്റെ വാക്കുകള്‍ ചികഞ്ഞെടുത്ത് വിവാദമാക്കാതിരുന്ന കാലത്ത് പറഞ്ഞ തീക്ഷ്ണത വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
ചോദ്യം : യേശുക്രിസ്തുവിന്റെ സുവിശേഷം സമ്പന്നതയുടെ സുവിശേഷമായി ചിലര്‍ വ്യാഖ്യാനിക്കുന്നു. പാസ്റ്ററുടെ അഭിപ്രായം എന്താണ്?
ഉത്തരം : സമ്പന്നതയുടെ സുവിശേഷം ദരിദ്രസുവിശേഷം എന്ന് രണ്ടില്ല. സുവിശേഷം ഒന്നേയുള്ളൂ. അത് യേശുവാണ്. യോഹന്നാന്‍ 16:33-ല്‍ പറയുന്നു “നിങ്ങള്‍ക്ക് ലോകത്തില്‍ കഷ്ടമുണ്ട്. എങ്കിലും ധൈര്യപ്പെടുവിന്‍...” എന്നാല്‍ ഒടുക്കം ജയം നമുക്ക് കാണാം.
ചോദ്യം : സുവിശേഷവേലയില്‍ മറക്കാനാവാത്ത എന്തെങ്കിലും അനുഭവം?
1998-ല്‍ സൌദി അറേബ്യന്‍ ഗവണ്മെന്റ് എയര്‍പോര്‍ട്ടില്‍ എന്നെ രണ്ടരമണിക്കൂര്‍ അവരുടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. ജയിലില്‍ ഇടുമെന്ന് പറഞ്ഞു. എന്റെ വസ്ത്രമൊക്കെ അവര്‍ അഴിപ്പിച്ചു ആ സന്ദര്‍ഭം വളരെ ഭീകരമായിരുന്നു. പത്തോളം പോലീസ് ഓഫീസേഴ്സിന്റെ മധ്യത്തില്‍ ഇരുന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. ദൈവം പ്രാര്‍ത്ഥന കേട്ടു. ഞാന്‍ നിരപരാധിയാണെന്നു തെളിയിക്കപ്പെട്ടു. ആ സൌദി സന്ദര്‍ശനത്തില്‍ 28 പേരെ സ്നാനപ്പെടുത്തി. ആയിരക്കണക്കിനു പേര്‍ യേശുക്രിസ്തുവിനെ സ്വീകരിച്ചു. ആ പ്രതികൂലം വിടുതലിന്റേതായിരുന്നു.
ചോദ്യം :സുവിശേഷം പങ്കുവെയ്ക്കുവാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ആരോടാണ്?
ഒരിക്കല്‍പ്പോലും യേശുവിനെ അറിഞ്ഞിട്ടില്ലാത്തവരോടും സുവിശേഷപ്രസംഗകരെ പേരുകൊണ്ട് വ്യക്തിപരമായി അറിയാത്തവരോടും.
ചോദ്യം : ഇപ്പോഴത്തെ യുവ സുവിശേഷകരെപ്പറ്റി എന്താണ് അഭിപ്രായം?
ഉത്തരം : ബൈബിള്‍ കോളേജിലെ ഡിഗ്രിയും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും പാശ്ചാത്യ സംസ്കാരാത്തില്‍നിന്ന് ഉടലെടുത്ത ശുശ്രൂഷാരീതിയും അനുകരിച്ച് പോകുന്നതിനോട് താല്പര്യമില്ല. എന്തു ചെയ്താലും വചനപ്രകാരമായിരിക്കണം.
ചോദ്യം : റവറന്റ് ഡോക്ടര്‍ കെ.ഏ.ഏബ്രഹാം എന്ന് ഇനി പെന്തക്കോസ്തുകാര്‍ വിളിക്കേണ്ടിവരുമോ?
ഉത്തരം : എനിക്ക് ഇഷ്ടപ്പെട്ട ഡോക്ടര്‍ യേശുവാണ്. രോഗിക്ക് സൌഖ്യം കൊടുക്കുന്നത് ഒരു ഡോക്ടറാണെങ്കില്‍ യേശു എന്നെയും ഒരു ഡോക്ടറാക്കി. നമ്മുടെ ആത്മീയ ലോകത്ത് ഡോക്ടറേറ്റുള്ളവരും ഡോക്ടര്‍മാരും വര്‍ത്തിക്കട്ടെ. സുവിശേഷകന്‍ കെ.എ.ഏബ്രഹാം എന്നറിയപ്പെടാനാണ് എനിക്കിഷ്ടം. ദൈവം തന്നാല്‍ ഏതു പദവിയും സ്വീകരിക്കും. ദൈവത്താല്‍ അല്ലാതെ യാതൊന്നും വേണ്ട.
ചോദ്യം : പാസ്റ്ററുടെ കുടുംബം?
എന്റെ ഭാര്യ നിമ്മി ഏബ്രഹാം ഒരു നഴ്സായിരുന്നു. ജോലി രാജിവെച്ചു. അനുഗ്രഹ പ്രെയര്‍ സെല്‍ എന്ന പ്രെയര്‍ ഗ്രൂപ്പ് നടത്തുന്നു. മകള്‍ സ്നേഹ. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. മകന്‍ സന്തോഷ് ആറാം ക്ലാസ്സില്‍ പഠിക്കുന്നു. 2007 ജനുവരി 26മത് തീയതി തിരുവല്ല കിഴക്കന്‍ മുത്തൂറില്‍ അനുഗ്രഹ എന്ന പേരില്‍ ഒരു ഭവനം പണിത് താമസിക്കുന്നു.
ചോദ്യം : പാസ്റ്റര്‍ക്ക് ഏതെല്ലാം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്?
ഉത്തരം : 2006-ല്‍ ഹാലേലുയ്യ പത്രം നടത്തിയ സര്‍വ്വേയില്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ കേള്‍ക്കുന്ന പ്രസംഗകന്‍ എന്നൊരു അവാര്‍ഡ് എനിക്ക് ലഭിച്ചു. കൂടാതെ കുമ്പനാട് ഗുഡ് സമരിറ്റന്‍, സുഭാഷിതം പത്രം, എന്നിവരും അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.
ചോദ്യം : മറ്റു ഭാഷകളില്‍ പ്രസംഗിക്കാറുണ്ടോ?
ഉത്തരം : മിക്കപ്പോഴും തമിഴ്നാട്ടില്‍ പോകാറുണ്ട്. മലയാളം പോലെതന്നെതമിഴിലും പ്രസംഗിക്കാറുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളില്‍ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
ചോദ്യം : പാസ്റ്റര്‍ക്ക് പെന്തക്കോസ്തു സമൂഹത്തിന് കൊടുക്കുവാനുള്ള മുഖ്യ സന്ദേശം?
ഉത്തരം : ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കണ്ടിട്ട് ഇവിടുത്തെ ക്രൈസ്തവ പത്രങ്ങള്‍ എന്താ ഒന്നും മിണ്ടാത്തത്? എഴുത്തുകാര്‍ സമൂഹത്തിലെ കാവല്‍ഭടന്മാരാണ്. അവരുടെ ആയുധം തൂലികയാണ്. നിങ്ങള്‍ വിചാരിച്ചാല്‍ ജീവിപ്പിക്കാം, വേണമെങ്കില്‍ കൊല്ലാം. അടങ്ങിയിരിക്കരുത്. എഴുന്നേല്‍ക്കണം. പ്രസംഗകരേ, പ്രഭാഷകരേ നിങ്ങളുടെ ശബ്ദം ഒരു ബോംബ് സ്ഫോടനമായി മാറണം. ഹിറ്റ്ലറും, മുസ്സോളിനിയും, നെപ്പോളിയനും, ഏബ്രഹാം ലിങ്കണും, ഗ്യാരി ബാല്ഡിയും, ചര്‍ച്ചിലും നാക്ക് കൊണ്ട് സാമ്രാജ്യം പണിതവരാണ്. ക്രൈസ്തവ സഭയില്‍ ശക്തന്മാരായ പ്രസംഗകരില്ലെ. നമുക്ക് തെരുവില്‍ മൈക്ക് വെച്ച് കെട്ടാം. എഴുത്തുകാരനും പ്രസംഗകനും ഒന്നിച്ചുനിന്നാല്‍ അവരെ ജയിക്കാന്‍ പിന്നെ ഒരു ശക്തിക്കുമാവില്ല. വാ‍ക്ക് + തൂലിക = വിക്ടറി. യേശു വരാറായി. നമ്മള്‍ കളിക്കളത്തിലല്ല. പടക്കളത്തിലാണ്.
തിരുവല്ല കുറ്റപ്പുഴയിലെ തന്റെ സ്വവസതിയിലിരുന്നുകൊണ്ട് ഇനിയും മുഴുമിപ്പിക്കാനാവാത്ത ആവേശത്തോടെ സുവിശേഷപ്രവര്‍ത്തനങ്ങളോടുള്ള ആത്മാര്‍ത്ഥതയില്‍ മനസ്സു തുറന്നു. തൂലികകൊണ്ട് ആയിരം നക്ഷത്രങ്ങള്‍ വിരിയിക്കുകയും വാക്കുകള്‍ കൊണ്ട് പതിനായിരം സൂര്യരശ്മികള്‍ ജ്വലിപ്പിക്കുകയും ചെയ്യുന്ന ഈ അനുഗ്രഹീത ദൈവദാസന്‍ ഇന്ന് നമുക്കൊരു മാര്‍ഗ്ഗദര്‍ശി തന്നെയാണ്.

 
 
 
 
 
 
 
 
 
Home    |    Disciples Ministry    |    Miracles Radio ( Live )    |    Editorial    |    Matrimonial    |    Charity    |    Classified    |    Advertise    |    Support Us    |    Contact Us    |    Download Font
Created by Envision

Copy rights reserved @ 2008-2009 by Disciples Ministry