|
|
തീച്ചൂളയില്‍ ഇറങ്ങിവരുന്ന ദൈവം:
പാസ്റ്റര്‍ എസ്. ഷാജി
,ദൈനംദിന ജീവിതത്തില്‍ തീച്ചൂളകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എന്തുകൊണ്ട്
ദൈവം എന്റെ അനുഭവത്തില്‍ ഇറങ്ങിവരുന്നില്ല എന്ന് നാം പലപ്പോഴും ചിന്തിക്കാറില്ലേ.
ഞാന്‍ മുടങ്ങാതെ പ്രാര്‍ത്ഥിക്കുകയും ദാനകര്‍മ്മങ്ങള്‍ ചെയ്തിട്ടും ദൈവം ഈ
തീച്ചൂളയുടെ അനുഭവത്തില്‍ എന്നെ സഹായിക്കുന്നില്ല എന്ന് പരിഭവിക്കുമ്പോള്‍ അതിലേക്ക്
വലിച്ചെറിയപ്പെട്ട ശദ്രക്ക്, മേശക്ക്, അബേദ്നഗോ എന്നിവരുടെ അടുക്കലേക്ക് എന്തുകൊണ്ട്
ദൈവം ഇറങ്ങിച്ചെന്നു എന്ന് നാം അധികം ചിന്തിക്കാറില്ല. ഈ ചോദ്യത്തിന് നാം തന്നെ
ഉത്തരം കണ്ടെത്തണം. ദുരാ സമഭൂമിയില്‍ നെബൂഖദ്നേസര്‍ നിര്‍ത്തിയ സ്വര്‍ണ്ണവിഗ്രഹത്തെ
സകല വംശത്തിലും ജാതിയിലും ഭാഷയിലും ഉള്ളവര്‍ വീണു നമസ്കരിച്ചപ്പോള്‍ ഈ ബാലന്മാര്‍
അതിന് തയ്യാറായില്ല. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ എങ്കിലും ഭാവിയില്‍ വരുവാന്‍
പോകുന്ന വിപത്തിനെ അവര്‍ ഗണ്യമാക്കിയതുമില്ല. എന്നാല്‍ അവരെ തീച്ചൂളയില്‍ ഇടുവാന്‍
പോകുന്ന അവസരത്തില്‍ ഒരു കാര്യം മാത്രമേ രാജാവിനോട് പറയുവാന്‍ ഉണ്ടായിരുന്നുള്ളൂ.
തങ്ങള്‍ ആരാധിക്കുന്ന ദൈവം ഞങ്ങളെ ഈ തിച്ചൂളയില്‍ നിന്നു വിടുവിച്ചാലും ഇല്ലെങ്കിലും
രാജാവ് നിര്‍ത്തിയ ഈ ബിംബത്തെ ഞങ്ങള്‍ നമസ്കരിക്കുകയില്ല. ദൈവം തങ്ങളെ
വിടുവിക്കുമെന്ന് മുന്‍കൂട്ടി അവര്‍ പറയുകയോ ആലോചന അറിയിക്കുകയോ ചെയ്തില്ല. എങ്കിലും
തങ്ങള്‍ക്ക് ലാഭമായിരുന്നതെല്ലാം തീച്ചൂളയുടെ മുന്നില്‍ അവര്‍ ദൈവത്തിന് സമര്‍പ്പിച്ചു.
അടുത്ത നിമിഷം തങ്ങള്‍ എല്ലാവരും ഈ തീച്ചൂളയില്‍ എരിഞ്ഞടങ്ങിയേക്കാം. അവരെ വരിഞ്ഞ്
മുറുക്കുമ്പോഴും തങ്ങളുടെ പ്രത്യാശ അവര്‍ മുറുകെ പിടിച്ചു. അവര്‍ വിശ്വാസത്തോടെ
മുമ്പോട്ട് കാലടികള്‍ എടുത്തുവെച്ചു. ഈ സാഹചര്യങ്ങള്‍ എല്ലാം നോക്കിക്കണ്ട ദൈവം
അവരെ തീയിലേക്ക് വലിച്ചെറിയുന്നതിനു മുമ്പേ തീച്ചൂളയുടെ നടുവിലേക്ക് ഇറങ്ങിച്ചെന്നു.
അവരെ തീയിലേക്ക് സ്വീകരിച്ചത് ദൈവമായിരുന്നു. പ്രതിബന്ധങ്ങളുടെയും പ്രലോഭനങ്ങളുടെയും
മുമ്പില്‍ വിശ്വാസം ത്യജിക്കാതെ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ നമ്മെ ചുറ്റിവളയുവാന്‍
അവസരം നോക്കിനില്‍ക്കുന്ന ഇതുപോലുള്ള തീച്ചൂളകളില്‍ ഇറങ്ങിവന്ന് പ്രവര്‍ത്തിക്കുന്ന
ദൈവം ഇന്നും അനേക വിശ്വാസികളെ തീച്ചൂളയുടെ അനുഭവങ്ങളില്‍ ആശ്വാസം പകര്‍ന്ന്
സ്വസ്ഥതയുള്ള വെള്ളത്തിന്റെ അനുഭവം നല്‍കി അനുഗ്രഹിച്ച് വഴിനടത്താറുണ്ട്. നമുക്കും
ഈ ബാലന്മാരെപ്പോലെ ഉറച്ച വിശ്വാസവും പ്രത്യാശയും ഉണ്ടായിരിക്കട്ടെ.
|
|
ലേഖനങ്ങള്‍ |
|
രക്ഷിക്കപ്പെട്ട
ദൈവപൈതലിനു വേണ്ട ഗുണങ്ങള്‍
പാസ്റ്റര്‍ എസ്. ഷാജി
ആത്മരക്ഷ - ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തില്‍ നിന്നും രക്ഷിപ്പാന്‍
കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും
ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു. മാനവരാശിയുടെ വീണ്ടെടുപ്പിനായി
ആത്മരക്ഷയ്ക്കായി മാത്രം അവന്‍ കിരിശിലേറി. അവന്‍ ദൈവത്തിന്റെ പുത്രനായിരുന്നു.
എങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ
അനുസരിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീര്‍ന്നു. മാത്രമല്ല തന്റെ
കൈകളും കാലുകളും ദുഷ്ടന്മാരാല്‍ തറയ്ക്ക്പ്പെട്ടു (സങ്കീര്‍ത്തനം 22:16) നായ്ക്കള്‍
എന്നെ വളഞ്ഞു. ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിത്തിരിയുന്നു. അവര്‍ എന്റെ കൈകളും
കാലുകളും കുത്തിത്തുളച്ചു. നാം അറിയുക ഇത് നമുക്കുവേണ്ടി നമ്മുടെ
ആത്മരക്ഷയ്ക്കുവേണ്ടി നമ്മുടെ ആത്മരക്ഷയ്ക്ക് വേണ്ടിയായിരുന്നു എന്ന്.
ആത്മിക അഭ്യസനം പഠിപ്പിക്കുന്നു - മരിച്ച ലാസറിനെ ഉയിര്‍പ്പിക്കുവാന്‍ യേശുവിന്
കഴിഞ്ഞു. യോഹന്നാന്‍ എഴുതിയ സുവിശേഷം 11-മത് അദ്ധ്യായം മുതല്‍ വായിച്ചാല്‍ അവ
വ്യക്തമായി അറിയുവാന്‍ കഴിയുന്നവ ആകുന്നു. അവിടെ സഹോദരി മറിയ യേശുവിന്റെ കാല്‍ക്കല്‍
ഇരുന്നു. നാമും യേശു ഇരിക്കുന്നിടത്ത് കടന്നുചെന്ന് താഴ്മയുള്ളവനായി
അനുസരണമുള്ളവനായി ഇരിക്കണം. ഈ ആത്മീയ അഭ്യസനം പഠിക്കുവാന്‍ ദിനംതോറും ബൈബിള്‍
വായിക്കണം. ഈ ലോകത്തിന്റെ ഗുരുക്കന്മാര്‍ പഠിപ്പിക്കുന്നതിലും വ്യക്തമായി നിങ്ങളുടെ
ആത്മാവില്‍ ആഴത്തില്‍ പഠിപ്പിക്കുവാന്‍ മതിയായവ ആകുന്നു ഈ ആത്മീയഭോജനം.
ആരാധന വെളിപ്പെടുത്തുക - മത്തായി എഴുതിയ സുവിശേഷം 28 മത് അദ്ധ്യായം മുതല്‍ താഴേക്ക്
വായിച്ചാല്‍ മരിച്ച് അടക്കപ്പെട്ട ക്രിസ്തുവിനെ കല്ലറയില്‍ തെരഞ്ഞ് അതിരാവിലെ
എത്തിയ ചില മറിയമാരെ കാണുവാന്‍ കഴിയും. എന്നാല്‍ ദൈവത്തിന്റെ ദൂതന്‍ അവര്‍ക്ക്
വെളിപ്പെടുകയും ജീവനോടെ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ തന്റെ ശിഷ്യന്മാരുടെ
വിശ്വാസത്തിനായി അവരോടു പോയി പറയുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യേശു നിങ്ങള്‍ക്ക്
മുമ്പേ ഗലീലയിലേക്ക് പോകുന്നു. അവിടെ നിങ്ങള്‍ അവനെ കാണും എന്നറിഞ്ഞ് അവര്‍
ഭയപരവശതയാല്‍ പോകുമ്പോള്‍ യേശു അവരെ എതിരേറ്റു. അവര്‍ക്ക് വന്ദനം പറഞ്ഞു. 28 ന്റെ
9- മത് വാക്യത്തില്‍ പറയുന്നു. അവര്‍ അടുത്തു ചെന്ന് അവന്റെ കാല്പാദം പിടിച്ചു
നമസ്കരിച്ചു. നാം കര്‍ത്താവിനെ ആരാധിക്കുക. ആത്മാവിലും സത്യത്തിലും ആരാധിച്ചു
ദൈവത്തെ മഹത്വപ്പെടുത്തിയാല്‍ വിശ്വാസത്തിന്റെ അത്ഭുതപ്രവര്‍ത്തികള്‍ ചെയ്യാന്‍
ഏതൊരു ദൈവപൈതലിനും സാധിക്കും. അതിനാകുന്നു കര്‍ത്താവ് പറഞ്ഞ വചനം ഓര്‍ക്കേണ്ടത്:
എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്തതിലും വലിയവ ചെയ്യാന്‍ ദൈവന്‍ അവനെ
പ്രാപ്തനാക്കും.
ദൈവപൈതലിന് ഒരു ന്യായവിധി -ദൈവവചനം ഇങ്ങനെ പറയുന്നു: യഹോവ മാത്രം അറിയുന്ന ഒരു ദിവസം
വരും. അത് പകലല്ല രാത്രിയുമല്ല സന്ധ്യാസമയത്തോ വെളിച്ചമാകും. ജ്യോതിര്‍ഗോളങ്ങള്‍
മറഞ്ഞുപോകുന്ന ഒരു ദിനമായിരിക്കും. അവിടെ ദൈവത്തിന്റെ ന്യായവിധിയില്‍ നാം
നിത്യനരകത്തില്‍ ആകാന്‍ ഇടയാകാതിരിപ്പാന്‍ സൂക്ഷിക്കുക. ദൈവവചനം അറിഞ്ഞു അനുസരിച്ചു
ജീവിക്കുക. എന്നാല്‍ നിത്യസ്വര്‍ഗ്ഗത്തിന്റെ അവകാശികള്‍ ആകാന്‍ കഴിയും. ക്രിസ്തു
നമ്മെ നിത്യനരകത്തില്‍ നിന്നും വീണ്ടെടുക്കുവാന്‍ ഈ ലോകത്തില്‍ ജനിച്ചു. മാത്യക
കാട്ടി തിരിച്ചുപോയി. എന്നാല്‍ അവന്‍ ഇനിയും തിരിച്ചു വരും. ദൈവവചനം അറിഞ്ഞ്
ആരാധിച്ചു ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന സ്വന്തജനത്തെ വീണ്ടെടുക്കുവാന്‍ ക്രിസ്തു
വരുമ്പോള്‍ നാം ഒരുക്കമുള്ളവര്‍ ആയിരിക്കണം. നിത്യനാശത്തില്‍ നിന്നും വിളിച്ചു വേര്‍തിരിച്ചു
എന്നെയും നിന്നെയും നിത്യസ്വര്‍ഗ്ഗത്തിനവകാശികളാക്കുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു.
എന്നാല്‍ ഒന്ന് തിരിഞ്ഞ് നമ്മളെക്കുറിച്ച് ചിന്തിച്ചു നോക്കുക. നാം ഇന്ന്
ഏതവസ്ഥയിലാണ് നില്‍ക്കുന്നത്? കര്‍ത്താവ് നല്‍കിയ മാത്യക അനുസരിക്കുന്നവരാണോ
നാമിന്ന്? നിത്യനായ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ലഭിച്ച അനേക അവസരങ്ങള്‍ നാം
പാഴാക്കിയിട്ടുണ്ടെങ്കില്‍ കര്‍ത്താവ് വീണ്ടും പറയുന്നു: ഞാന്‍ വാതില്‍ക്കല്‍ നിന്നു
മുട്ടുന്നു; ആരെങ്കിലും എന്റെ സ്വരം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ
അടുക്കല്‍ ചെന്ന് അവനോടും അവന്‍ എന്നോടുംകൂടെ അത്താഴം കഴിക്കും. അതെ ജീവന്‍ എന്ന
ജീവന്റെ വചനമാകുന്ന അത്താഴം. അതിനായി ദിനംതോറും ബൈബിള്‍ വായിച്ച് ഈ ആത്മീയ ഭോജനം
ഭക്ഷിക്കുക. ജീവിതത്തിന് അര്‍ത്ഥവത്തായ അനുഭവം ഉണ്ടായിത്തീരും.
ജീവിത വിജയം വരിക്കാന്‍ - ഒരു ദൈവപൈതലിന് തന്റെ ഈ ലോകജീവിതത്തില്‍ കഷ്ടതയും
പ്രയാസങ്ങളും നേരിടുമ്പോള്‍ പതറാതെ ഉറച്ചുനിന്ന് ജയജീവിതം നയിക്കാന്‍ ക്രിസ്തുവിന്റെ
മാത്യക ഏറ്റെടുത്ത് സഹിഷ്ണുതയും സമാധാനവും മുന്‍കരുതലായി വചനം ഉറച്ചു
വിശ്വസിച്ചുകൊണ്ട് അത് ആത്മാവില്‍ ഉരുവിട്ട് ധൈര്യം ഉള്ളവരായിരിക്കണം. എന്നാല്‍
ശത്രുവിന്റെ ഏത് പ്രതിസന്ധിയും നേരിടുവാന്‍ ധൈര്യം ഉണ്ടാകും. അതിലൂടെ എത്ര ഭാരമുള്ള
കാര്യങ്ങള്‍ക്കും മറുപടിയും ആശ്വാസവും ആത്മബലവും പ്രാപിച്ച് ജയം നേടുവാന്‍ കഴിയും.
അങ്ങനെ നമുക്ക് ഏവര്‍ക്കും കര്‍ത്താവിന്റെ വരവിനായി ഒരുക്കമുള്ളവര്‍ ആയിരിക്കാം.
അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ. |
|
ലേഖനങ്ങള്‍ |
ക്രിസ്തുമസ്
ഒരു വിചിന്തനം:
Pr.Ajidavid
ഡിസംബര്‍ മാസം ലോകജനതയുടെ
ഹ്യദയത്തില്‍ ഏറ്റവും സ്ഥാനമുള്ള ഒരു മാസമാണ്. ഇരുപത്തിയഞ്ചാം തീയതി
ക്രിസ്തുവിന്റെ ജനനദിവസമായി ആളുകള്‍ ആഘോഷിക്കുന്നു. ഒരു മാസക്കാലം എവിടെയും
ആനന്ദത്തിന്റെ മെഴുകുതിരികളും പൂത്തിരികളും, പടക്കങ്ങളും വര്‍ണ്ണനക്ഷത്രങ്ങളും
പ്രകാശ കിരണങ്ങളും ക്രിസ്തുമസ് ട്രീകളും ഘോഷയാത്രകളും നാടിനെ പ്രകാശപൂരിതമാക്കുന്നു.
ജാതിമത വര്‍ണ്ണ വ്യത്യാസമില്ലാത്ത ആഘോഷ ദിനങ്ങള്‍. ഈ മാസത്തില്‍ ഏറ്റവും കൂടുതല്‍
സന്തോഷിക്കുന്നത് കച്ചവടക്കാരും മദ്യശാല നടത്തിപ്പുകാരുമാണ്. കാരണം ക്രിസ്തുമസ്
ആഘോഷങ്ങള്‍ക്കുള്ള വര്‍ണ്ണക്കടലാസുകള്‍, നക്ഷത്രങ്ങള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍,
സമ്മാനപ്പൊതികള്‍ ഇവയെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നു. മദ്യവില്പനയും,
വ്യാജമദ്യവും ഏറ്റവും കൂടുതല്‍ നടക്കുന്ന സമയവും ഇതാണ്. നാട്ടിലെ ചില കടലാസ്
ക്ലബ്ബുകള്‍ കരോള്‍ നടത്തി നാട്ടുകാരുടെ പണം അടിച്ചുമാറ്റി മുടിയനായ
പുത്രനെപ്പോലെ നാനാവിധമാക്കിക്കളയുവാനും പറ്റിയ അവസരവും ഇതുതന്നെ. അതുപോലെ
പോലീസുകാര്‍ക്ക് ഓവര്‍ഡ്യൂട്ടി ഉണ്ടാക്കി കൊടുക്കുന്നു. മദ്യപിച്ച് വാഹനം
ഓടിച്ചുണ്ടാകുന്ന അപകടം. ആഘോഷത്തിന്റെ ‘സ്പിരിറ്റില്‍’ അക്രമങ്ങള്‍,
കൊലപാതകങ്ങള്‍ എന്നിവയും കൂടുതലായി നടക്കുന്ന സമയം. ലോകത്തിന്റെ പാപത്തെ സ്വയം
ഏറ്റുവഹിച്ച് മനുഷ്യന്റെ രക്ഷകനായി ഭൂമിയില്‍ ജനിച്ച ദൈവപുത്രന്റെ ജനനം ഇങ്ങനെയാണോ
ആഘോഷിക്കുന്നത്? മാതാപിതാക്കളോടൊപ്പം യേശു 30 വര്‍ഷക്കാലം താമസിച്ചപ്പോള്‍
യേശുവോ മാതാപിതാക്കളോ കുടുംബക്കാരോ ക്രിസ്തുമസ് ആഘോഷിച്ചില്ല. യേശുവിന്റെ
മൂന്നര വര്‍ഷത്തെ പരസ്യ ശുശ്രൂഷാക്കാലയളവില്‍ അവന്റെ ശിഷ്യന്മാരോ, വിശ്വാസികളോ
ആരും തന്നെ ക്രിസ്തുമസ് ആഘോഷിച്ചതായി ബൈബിളില്‍ കാണുന്നില്ല. ഡിസംബര്‍ മാസത്തിലെ
ഒരു രാത്രിയില്‍ യേശു ഒരു പുല്‍ക്കൂട്ടില്‍ പിറന്നു എന്നാണ് എല്ലാവരും
വിശ്വസിച്ചിരിക്കുന്നത്. പക്ഷേ, യേശു ജനിച്ചത് ഡിസംബറിലാണെന്നോ പുല്‍ക്കൂട്ടിലെണെന്നോ
ബൈബിളില്‍ രേഖയില്ല. ബേത് ലഹേമില്‍ യേശു ജനിച്ച രാത്രിയില്‍ ആട്ടിടയന്മാര്‍
യെഹൂദയിലെ വെളിമ്പ്രദേശത്ത് സൂക്ഷിക്കാറില്ല. അവിടെ ഈ മാസങ്ങളില്‍ മഴയും
അതിശൈത്യവുമുള്ള ഒരു കാലാവസ്ഥയാണ്. അതിനാല്‍ യേശു ജനിച്ചത് മാര്‍ച്ചിനും
സെപ്റ്റംബറിനും ഇടയ്ക്കുള്ള മാസമാകാനാണ് സാധ്യത. അതുകൊണ്ട് ഡിസംബര്‍ 25
ക്രൈസ്തവ ലോകത്തിന്മേല്‍ ക്രിസ്തുവിന്റെ ജനന ദിവസമായി അടിച്ചേല്പിക്കപ്പെട്ടതാണോ
എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. യേശുവിന്റെ അമ്മ മറിയ പെന്തിക്കോ
സ്തു നാളില്‍ പരിശുദ്ധാത്മാവ് പ്രാപിച്ച ശേഷം അനേക നാള്‍ അപ്പോസ്തോലന്മാരോടൊപ്പം
ജീവിച്ചിരുന്നു. എങ്കിലും ബൈബിളില്‍ ഒരിടത്തും യേശുവിന്റെ ജനനമല്ല വലിയ കാര്യം
അവന്‍ നമുക്കുവേണ്ടി മരിച്ചു; അവന്റെ മരണത്തിനാണ് പ്രാധാന്യം. യേശു
മരണത്തോടുകൂടി നമ്മോടു ഒരു ഉടമ്പടി ചെയ്തിരിക്കുകയാണ്. നിത്യ മരണത്തില്‍ നിന്നും
ഒരു വാതില്‍ അവനിലൂടെ നമുക്കു തുറന്നിട്ടിരിക്കുകയാണ്. ക്രിസ്തുവിന്റെ മരണത്തില്‍
പങ്കാളിയല്ലാത്തവര്‍ക്കു യേശു ജനിച്ചത് ആഘോഷിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
ഡിസംബര്‍ 25 സൂര്യദേവന്റെ ജന്മദിനമായിരുന്നു. സൂര്യന്‍ ദക്ഷിണായന രേഖ കടന്ന്
ഉത്തരാര്‍ദ്ദ ഗോളത്തിലേക്ക് പ്രയാണമാരംഭിക്കുന്നത് ഈ ദിവസമാണ്. ഈ പാരമ്പര്യം
യേശുവിന്റെ ജന്മദിനമായി കണക്കാക്കുകയായിരുന്നു. AD നാലാം നൂറ്റാണ്ടില്‍
ക്രിസ്തുമതം രാജ്യത്തിന്റെ മതമായതോടെ പാഗണ്‍ മതക്കാര്‍ കൂട്ടത്തോടെ ക്രിസ്തുമതം
സ്വീകരിച്ചു. വീണ്ടും ജനനം പ്രാപിക്കാത്ത ഇവര്‍ തങ്ങളുടെ മത
വിശ്വാസങ്ങളോടൊപ്പമാണ് ക്രിസ്ത്യാനികളായത്. അങ്ങനെ സൂര്യദേവന്റെ ജന്മദിവസം
ക്രിസ്തുവിന്റെ ജന്മദിവസവുമാക്കി. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ജാതികളുടെ
വഴി പഠിക്കരുത്, ആകാശത്തിലെ ലക്ഷണങ്ങള്‍ കണ്ടു ഭ്രമിക്കരുത്, ജാതികളുടെ
ചട്ടങ്ങള്‍ മിഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു’ (യിരെ. 10:2,3). സാന്താക്ലോസ്
അഥവാ വിശുദ്ധ നിക്കോളാസ് ആണ് ക്രിസ്തുമസിന്റെ പ്രധാന ഘടകം. ‘ക്രിസ്തുമസ് ഫാദര്‍’
എന്ന പേരുള്ള ഇദ്ദേഹം ഒരു പുറജാതി ദേവനാണ്. ഗ്രീക്കുകാര്‍ Poseidon എന്നും റോമാക്കാര്‍
Neptune എന്നും വിളിക്കുന്ന Hold Nickar ദേവനാണ് വിശുദ്ധ നിക്കോളാസായി മാറിയത്.
AD നാലാം നൂറ്റാണ്ടില്‍ വിശുദ്ധ നിക്കോളാസ് ഏഷ്യാ മൈനറിലെ ബിഷപ്പായിരുന്നു
എന്നാണ് പാരമ്പര്യ വിശ്വാസം. Patara എന്ന സ്ഥലത്താണിദ്ദേഹം ജനിച്ചത്. കേവലം 17
വയസ്സുള്ളപ്പോള്‍ ബിഷപ്പായി എന്നും മുപ്പതു വയസ്സുള്ളപ്പോള്‍ തുര്‍ക്കിയിലെ
Myra എന്ന സ്ഥലത്തെ ബിഷപ്പുമായി എന്നാണ് ഐതീഹ്യം. പലസ്തീന്‍, ഈജിപ്റ്റ് എന്നീ
സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി ഇദ്ദേഹത്തെ
തടവിലാക്കിയെന്നും കോണ്‍സ്റ്റീന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മോചിതനായി
എന്നുമാണ് വിശ്വാസം. തന്റെ വസ്ത്രം ചുവപ്പും വെള്ളയും നിറമുള്ളതാണ്.
ഇദ്ദേഹത്തിന്റെ പേരില്‍ നിരവധി പള്ളികളുണ്ട്. ചരമദിനമായ ഡിസംബര്‍ 6-ന്
സമ്മാനപ്പൊതികള്‍ കൈമാറാനുള്ള ദിവസമായി കണക്കാക്കുന്നു. ബൈബിള്‍ പറയുന്നു :
‘ആദിയില്‍ വചനമുണ്ടായിരുന്നു, വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍
ദൈവത്തോടുകൂടെയായിരുന്നു’ (യോഹ. 1:1,2). വെളിപ്പാട് 22:13-ല്‍ യേശുക്രിസ്തു
പറയുന്നു: “ഞാന്‍ അല്ഫയും ഒമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും
ആകുന്നു’ ലോകസ്രഷ്ടിയ്ക്കു മുമ്പേയുള്ളവനായ ദൈവപുത്രനായ ക്രിസ്തു ഈ ഭൂമിയിലേക്ക്
അവതരിച്ചത് പാപികളെ വീണ്ടെടുക്കുവാനാണ് ദൈവം എല്ലാവരില്‍ക്കൂടി ആഗ്രഹിക്കുന്നത്.
ക്രിസ്തുവിന്റെ രണ്ടാം വരവിനുവേണ്ടി ഒരു കൂട്ടം വിശ്വാസികള്‍
തയ്യാറെടുക്കുമ്പോള്‍ ലോകത്തെ 630 കോടി ജനങ്ങളുടെയിടയില്‍ അഗ്നിനരകത്തിലേക്ക്
യാത്ര ചെയ്യുന്നവരോട് യേശുക്രിസ്തുവിന്റെ സത്യസുവിശേഷം വിളിച്ചറിയിക്കുവാന്‍
പലരും പത്തു പൈസാ പോലും ചെലവഴിക്കാന്‍പോലും തയ്യാറാകാതെ ക്രിസ്തുമസിന്റെ പേരില്‍
ലക്ഷങ്ങള്‍ പൊട്ടിച്ചും കത്തിച്ചും തീര്‍ക്കുന്നു. പക്ഷേ യേശുവിന് ഈ ലോകത്തോട്
പറയുവാനുള്ള സന്ദേശം ഇതാണ്: ‘ഇതാ ഞാന്‍ വേഗം വരുന്നു, ഓരോരുത്തനും അവനവന്റെ
പ്രവര്‍ത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലന്‍ എന്റെ പക്കല്‍ ഉണ്ട് ’ (വെളിപ്പാട്
22:12).
|
| |
|
| |
|
|